സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനത്തോടെ തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സംഘാടകസമിതി ഓഫീസ് എം.എൽ.എ. ശ്രീ. രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ഉദ്ഘാടനത്തിന് ശേഷം വിവിധ കമ്മിറ്റികളുടെ അവലോകന യോഗം ചേർന്നു. വിവിധ സബ് കമ്മിറ്റി കൺവീനർമാരും ചെയർമാൻമാരും യോഗത്തിൽ പങ്കെടുത്ത് ഓരോ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി. വേദികളിലെ സൗകര്യങ്ങൾ, മത്സരങ്ങളുടെ ക്രമീകരണം, ഭക്ഷണം, പ്രചാരണം, ഗതാഗതം, വിദ്യാർഥികളുടെ സുരക്ഷ എന്നിവ യോഗം അവലോകനം ചെയ്തു. കൃത്യസമയത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും കമ്മിറ്റികൾ തമ്മിൽ ഏകോപനം ഉറപ്പാക്കണമെന്നും യോഗം നിർദ്ദേശിച്ചു. സ്പോൺസർഷിപ്പ്, പ്രവേശന കവാടങ്ങൾ, പ്രചാരണം എന്നിവയും ചർച്ചയായി.
ചടങ്ങിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിത് ജോൺ കെ.ഐ.എസ്. സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സൈമൺ ജോസ് നന്ദിയും പറഞ്ഞു. കൗൺസിലർമാരായ അഡ്വ. വില്ലി ജിജോ, ഷീല ജോർജ്, ലാലി ജെയിംസ്, പൂർണിമ സുരേഷ്; ഡിഡി ഷൈല ടി, വി.എച്ച്.എസ്.ഇ. എ.ഡി. രഹിന കെ.എ.; ഡയറ്റ് തൃശൂർ പ്രിൻസിപ്പൽ ഡോ. ശ്രീജ ഡി.; എസ്.എസ്.കെ. തൃശൂർ ഡി.പി.സി. സാലിഹ് പുലിയഞ്ഞാലിൽ; കൈറ്റ് ജില്ലാ കോഡിനേറ്റർ സുഭാഷ് വി.; ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ; ഡോ. ബിന്ദു കെ.പി.; സബ് കമ്മിറ്റി കൺവീനർമാർ; അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments:
Post a Comment